Tuesday, July 30, 2013

കാവി രാഷ്ട്രീയത്തിന് പുതിയ അംബാസിഡര്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിനും.


            1993-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗുജറാത്തിലെ ആര്‍.എസ്.എസ് വക്താവിനെ സന്ദര്‍ശിച്ചു. അതിനു ശേഷം ഇങ്ങനെ അഭിപ്രായപ്പെട്ടു. ഹൈന്ദവ വര്‍ഗ്ഗീയ രീഷ്ട്രീയത്തെ ക്ലിനിക്കലായി നടപ്പാക്കുന്നതില്‍ അദ്വാനിയേക്കാള്‍ പ്രഗത്ഭനായ ഒരാളെ ഞാന്‍ പരിചയപ്പെട്ടു. അന്നത്തെ ആ ആര്‍.എസ്.എസ് നേതാവിന്റെ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി. ആ മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അദ്വാനിയുടെ തലയ്ക്കുമുകളിലൂടെ നരേന്ദ്രമോഡി കാവി രാഷ്ട്രീയത്തിന്റെ അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.
           
              ഈ സഹസ്രാബ്ദത്തിലെ ആദ്യ ആണ്ടില്‍ കേശുഭായി പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പകരം നരേന്ദ്രമോഡിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ അന്നത്തെ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതും മോഡിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കണ്ടിട്ടാണ്. അധികാരമേറ്റെടുത്ത് കൃത്യം രണ്ടാം വര്‍ഷം മേലാളന്മാരുടെ പ്രതീക്ഷക്കൊത്തവിധം അല്ലെങ്കില്‍ പ്രതീക്ഷയ്ക്കുമപ്പുറത്ത് അത് ക്ലിനിക്കലായി കാണിച്ചുതന്നു മോഡി. ഗുജറാത്ത് കലാപത്തിന്റെ രൂപത്തില്‍, 3000-ലേറെ മനുഷ്യ ജീവനുകള്‍ ഹോമിക്കപ്പെട്ട ആ കലാപത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗ്ഗീയ ധ്രുവൂകരണത്തിന്റെ പിന്‍ബലത്തിലാണ് മോഡി പിന്നീടുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിഭക്ഷത്തോടെ ജയിച്ചു കയറിയത്. ഇനിയും എത്രയോ തെരെഞ്ഞെടുപ്പുകള്‍ ഗുജറാത്തില്‍ ജയിക്കാന്‍ ആവശ്യമുള്ള ഇന്ധനം ഇന്ത്യ കണ്ട ഏറ്റവും നീചമായ കലാപത്തിലൂടെ മോഡി നിര്‍മ്മിച്ച് സംഭരിച്ചുവെച്ചിട്ടുണ്ട്.

               എതിര്‍ക്കാന്‍ ശക്തമായ പ്രതിപക്ഷമില്ലെങ്കില്‍ ക്രിയാത്മകമായി വിമര്‍ക്കുന്ന മാധ്യമങ്ങളില്ലെങ്കില്‍ ഗുജയറാത്തില്‍ മോഡി ചെയ്തത് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കഴിയും എന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ വിമര്‍ശനം ഇവിടെ പ്രസക്തമാണ്. ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്ന മോഡി ഭക്തര്‍ക്കുള്ള മറുപടി കൂടിയാണിത്. കൃഷി ഭൂമി മുഴുവന്‍ കോര്‍പ്പറേറ്റുള്‍ക്ക് തീറെഴുതിയും കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് വെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്തും മോഡി കെട്ടിപ്പൊക്കിയ കപട വികസന മാതൃക തകര്‍ന്നു വീണുകൊണ്ടരിക്കുകയാണ്. പ്രതിശീര്‍ഷവരുമാനത്തിന്റെ കാര്യത്തിലും സ്ത്രീ സാക്ഷരതയിലും ശിശുമരണ നിരക്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വള്ളപ്പാട് മുന്നിലാണ് നമ്മുടെ ഈ കൊച്ചു കേരളം. ഈ പട്ടികകളില്‍ ഗുജറാത്തിന്റെ സ്ഥാനം പത്തിലും പത്തിലും പതിനഞ്ചിലുമൊക്കെ താഴെയാണ്.

               ഈ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം മോഡിയുടെ ദേശീയരാഷ്ട്രീയ പ്രവേശനത്തെ നാം വിലയിരുത്തേണ്ടത്.എന്ത് തന്നെയായാലും 2014-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തങ്ങളുടെ തേര് തെളിക്കുക മോഡി തന്നെയായിരിക്കും എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ബി.ജെ.പി വ്യക്തമാക്കിക്കഴിഞ്ഞു. പരമോന്നത നേതാവ് അദ്വാനിയുടെ രാജി ഭീഷണിയോ പതിനേഴ് വമാനം മാറ്റാന്‍ര്‍ഷമായി സഖ്യത്തിലായിരുന്ന നിതീഷ് കുമാറിന്റെ വേര്‍പിരിയലോ ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം മാറ്റാന്‍ പ്രയാപ്തമായിരുന്നില്ല. അത്രയ്ക്ക വിശ്വാസമാണ് ബി.ജെ.പി നേതൃത്വത്തിനും അവരുടെ തലതൊട്ടപ്പന്മാരായ ആര്‍.എസ്.എസിനും മോഡിയുടെ തീവ്ര ഹൈന്ദവ നിലപാടുകളെ ഗുജറാത്തിലെപ്പോലെ എളുപ്പത്തില്‍ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കപ്പടിച്ചുകളയാം എന്ന മോഹം മോഡിക്കുപോലും ഉണ്ടെന്നു കരുതാന്‍ വയ്യ. അത്രയേറെ എതിര്‍പ്പുകളുണ്ട് മോഡിയെന്ന വര്‍ഗ്ഗീയതയുടെ വക്താവിന.മോഡിയുടെ വരവോടെ പതിറ്റാണ്ട് നീണ്ട സഖ്യമുപേക്ഷിച്ചു ജെ.ഡി.യു. ഇലി എന്‍.ഡി.എയില്‍ അവശേഷിക്കുന്നത് ശിവസേനയും അകാലിദളും മാത്രമാണ്. ഈ അംഗബലം കൊണ്ട് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനാകില്ലെന്ന് മോഡിക്ക് നന്നായറിയാം. അതുകൊണ്ടാണ് ജയലളിതയുടെ കിണഞ്ഞു പരിശ്രമിക്കുന്നത്.

            പാര്‍ട്ടിയുടെ തെരെഞ്ഞുടുപ്പു സമിതി അധ്യക്ഷ സാഥാനത്തേയ്ക്ക് മോഡിയെ അവരോധിക്കുക വഴി കോണ്‍ഗ്രസിനെതിരെ നിലവിലുള്ള  ശക്തമായ ജനരോക്ഷം മുതലെടുക്കാനുള്ള അവസരമാണ് ബി.ജെ.പി കളഞ്ഞുകുളിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി മുന്നണികളോട് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന വിലയിരുത്തലിലാണ് ഭൂരിപക്ഷം പ്രാദേശിക കക്ഷികളും അതുകൊണ്ടാണ് എസ്.പി, ബി.എസ്.പി, ത്രിണമൂല്‍, എ.ഡി.എം.കെ, ബി.ജെ.ഡി തുടങ്ങിയ കക്ഷികള്‍ ഇരു മുന്നണികള്‍ക്കും പിടികൊടുക്കാതെ ഒറ്റയ്ക്കു നില്‍ക്കുന്നത്. ഇപ്പോള്‍ ആ ശ്രേണിയിലേക്ക് ജെ.ഡി.യുവും ചേര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ഡി.എം.കെ ഉപേക്ഷിച്ചേക്കും എന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിവരങ്ങള്‍. പ്രാദേശിക കക്ഷികള്‍ക്ക് എന്‍.ഡി.എ, യു.പി.എ മുന്നണികളില്‍ വിശ്വാസമില്ലാതാകുന്നതിന്റെ സൂചനയാണിത്. കോണ്‍ഗ്രസ് ഇതര ബി.ജെ.പി ഇതര മുന്നണി ഒരു യാഥാര്‍ത്ഥമായേക്കുമെങ്കിലും എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടിയേക്കാവുന്ന പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടില്‍ ജനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസമുണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം.

                 2014-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ മോഡി - രാഹുല്‍ പോര് എന്നാണ് മാധ്യമങ്ങള്‍  പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ രണ്ട് നേതാക്കളുടെയും പൊതുവായ ഒരു ഗുണത്തെപ്പറ്റിപ്പറയാന്‍ മാധ്യമങ്ങള്‍ പലപ്പോഴും മറന്നുപോകുന്നു അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നു. കോര്‍പ്പറേറ്റ് സ്വീകാര്യത, മോഡിയും രാഹുലും ഒരു പോലെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് സ്വീകാര്യരാണ്. അല്പം കൂടി സ്വീകാര്യന്‍ മോഡിയാണ്, ഗുജറാത്തിലെ നയങ്ങളുടെ ബലത്തില്‍. അതുകൊണ്ട് രാഹുല്‍ പിന്നിലാണ് എന്നര്‍ത്ഥമില്ല. മോഡിയുടെ പുതിയ സ്ഥാന ലബ്ദിക്കു പിന്നില്‍ കോര്‍പ്പറേറ്റ് ശക്തികളുടെയും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലുണ്ട്. പക്ഷേ ഈ രണ്ട് കോര്‍പ്പറേറ്റ് തോഴന്മാരും ( മോഡിയും രാഹുലും ) 2014-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്കെത്തില്ല എന്നതാണ് വര്‍ത്തമാന രാഷ്ടീയ കാലാവസ്ഥയില്‍ പ്രവചിക്കനാവുന്നത്. പകരം ആരു വരും എന്ന ചോദ്യത്തിനുത്തരം തേടി വോട്ടെണ്ണുന്ന ദിനം വരെ കാത്തിരിക്കാം.